Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interstate Workers

പരസ്യമായി ലഹരി കുത്തിവച്ച് അന്യസംസ്ഥാന തൊഴിലാളികള്‍; കണ്ണടച്ച് പോലീസ്, സേവ് പെരുമ്പാവൂര്‍ കാമ്പയിൻ

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വ്യാപകമായി അന്യ സംസ്ഥാന തൊഴിലാളികളുടെ ലഹരി വില്പനയും ഉപയോഗവും. പരസ്യമായി ലഹരിമരുന്ന് കുത്തി വയ്ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആസാം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ തൊഴിലാളികളാണ് ഇവരില്‍ പലരും.

സേവ് പെരുമ്പാവൂര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പരസ്യമായി ലഹരി കുത്തി വയക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വീഡിയോ എത്തിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ ലഹരി മരുന്ന് പരസ്യമായി വില്‍ക്കുന്ന ദൃശ്യങ്ങളും പല യൂട്യൂബര്‍മാരും പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പോലീസ് നടപടികള്‍ ഉണ്ടാവുന്നില്ല എന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പെരുമ്പാവൂരില്‍ നിന്നും ലഹരി കേസുകളില്‍ അടുത്തിടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അസം സ്വദേശിയായ മഞ്ജില്‍ ഇസ്ലാമി എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ വില്‍പ്പന നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരു വ്‌ളോഗര്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പോലീസ് നടപടി എടുത്തത്.

സിറിഞ്ചുകളില്‍ ലഹരി നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. പെരുമ്പാവൂര്‍ നഗരം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് മഞ്ജില്‍. അസാമില്‍ നിന്നും ലഹരി എത്തിച്ച് വില്‍ക്കുന്നു എന്നാണ് പോലീസിന്‍റെ നിഗമനം. ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ സ്വദേശിയായ അജ്മല്‍ എന്ന യുവാവിനെയും ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പോലീസ് സ്റ്റേഷന്‍ പരിധികളിലായി എംഡിഎംഎ വില്‍പനയ്ക്ക് എത്തിച്ച കേസിലും കഞ്ചാവ് എത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാളെ ലഹരി മരുന്നുമായി പിടികൂടിയത്.

Latest News

Up